Saturday, June 21, 2008

പരാജയം


കഥയിലായിരുന്നു തുടക്കം.
കഥാകൃത്തായത്‌ അങ്ങനെ.
കദനഭാരം കഥകഴിച്ചപ്പോള്‍
കാല്‍തെന്നി കവിതയില്‍.
കവിയായത്‌ ഈവിധം.
വൃത്തക്കടലില്‍ മുങ്ങി
പിടയാനായിരുന്നു വിധി.
കവിതയില്‍ പരാജയപ്പെട്ടപ്പോള്‍
നുഴഞ്ഞുകയറിയത്‌
നിരൂപണത്തില്‍.
നിരൂപകനായത്‌ അങ്ങനെ.
"സ്വന്തം ജീവിതം
തുന്നിച്ചേര്‍ക്കാനാവാത്ത മൂഢാ...
വരികളെ കൊത്തിവലിച്ച്‌
എന്തിനു സമയം പാഴാക്കുന്നു''-
അരൂപിയായ അശരീരി.
അങ്ങനെ, ജീവിതത്തില്‍നിന്നും
പരാജയപ്പെട്ട ഞാന്‍
ഒരുമുഴം കയറില്‍
എന്റെ സാധ്യത തേടി.

ഔട്ട്‌ ഓഫ്‌ കവറേജ്‌


ഒരുവിളി.
ഞാനേറെ കൊതിച്ചു.
കാതോര്‍ത്തിരുന്നു
യുഗങ്ങളോളം.
ഒരു വസന്തവും
എന്നെ തേടിയെത്തിയില്ല.
ഒടുവില്‍, നീ വിളിച്ചപ്പോള്‍
ഞാന്‍ ജീവിതത്തിന്റെ
പരിധിക്കു പുറത്ത്‌.

Thursday, June 12, 2008

ഓര്‍മ്മയുടെ ഞരമ്പ്‌


അകാലത്തില്‍
വീടുവിട്ടിറങ്ങിയ മകനെയോര്‍ത്ത്‌
അമ്മയും അച്ഛനും വിലപിക്കും.
അവരുടെ പ്രളയത്തില്‍
വീട്‌ കടപുഴകും.

സഹോദരങ്ങള്‍
ഒരിക്കലും തിരികെവരാത്ത
അവനെ ഓര്‍ക്കും.
കാലൊച്ചകളില്‍, നിഴല്‍പ്പാടുകളില്‍
സ്വന്തം ചോരയെ വരയ്‌ക്കും.

നരകഭൂഖണ്ഡത്തിലെ
ഉഷ്‌ണമേഖലയിലായിരിക്കും
അപ്പോള്‍ അവന്‍.
കീറിച്ചിതറിയ
ഓര്‍മ്മയുടെ കൈലേസിനെ
തുന്നിച്ചേര്‍ക്കാന്‍ ശ്രമിക്കവേ
ഹൃദയത്തിന്റെ ഉമ്മറപ്പടിയില്‍
ആദ്യമെത്തുന്നത്‌ അവള്‍.
തന്റെ പുതിയ കാമുകനെ
ഓര്‍മയില്‍ താലോലിക്കുന്ന
തിരക്കിലാവും അവള്‍.

Wednesday, June 11, 2008

മുറിവ്‌


ഹൃദയത്തിന്റെ ആഴത്തില്‍
തറഞ്ഞത്‌.
മരണം വരെയും ഉണങ്ങാതെ.
തീച്ചുംബനമേറ്റതിന്റെ
സ്‌മാരകമല്ല.
പ്രണയത്തിന്റെ മിന്നല്‍പിണറില്‍
അറിയാതെ പിണഞ്ഞതല്ല.
കണ്ണൂരുകാരനായതു കൊണ്ട്‌
കൊലക്കത്തി കയറിയതല്ല.
നോട്ടത്താല്‍
വാക്കിനാല്‍
വരികളാല്‍
അവള്‍ സമ്മാനിച്ചത്‌.
മരണം വരെയും മായാതെ.
ഉണങ്ങാതെ.

Tuesday, May 27, 2008

വിട

അരുതെങ്കില്‍
അകലാം.
അലംഘനീയമാണല്ലോ
വിധി.
മറക്കുവാന്‍ മൊഴിയരുത്‌.
മറവിയെന്നാല്‍
മരണമാണ്‌.