Sunday, May 11, 2008

ദ്വിമാന സമവാക്യങ്ങള്‍

കണക്ക്‌ ബോണ്ടില്‍
കവിത കുറിച്ചതിന്‌
ടീച്ചര്‍ പിച്ചിയ പാട്‌
കൈയില്‍ ഇപ്പോഴും
ഗുണനചിഹ്‌നം പോലെ.
നിര്‍ധാരണം പിഴച്ചാല്‍
നായ, കുരങ്ങ്‌, കാട്ടുപോത്ത്‌
ടീച്ചറുടെ വായില്‍നിന്നും
പുറത്തുചാടും.
കുരച്ചും മാന്തിയും കുത്തിയും
അവ എന്നെ ശിഷ്ടമാക്കും.

മലയാളം പിരീയഡില്‍
സരളമ്മ ടീച്ചര്‍
നാലുവരി കവിത ചൊല്ലി.
സന്ധി, സമാസം ആരാഞ്ഞു.
വൃത്തമില്ലാത്ത കവിത പോലെ
അപ്പോള്‍ ഞാന്‍.
ടീച്ചര്‍ ചൂരലെടുക്കവേ
പാഠപുസ്‌തകത്തിന്റെ
അഞ്ചാം അധ്യായത്തില്‍
കയറി ഞാനൊളിച്ചു.