Monday, May 5, 2008

ജലഭൂപടം

പുലര്‍ച്ചെ കാണാതായ
ജലഭൂപടം
കുരുടനായ കുട്ടിയുടെ
കാന്‍വാസില്‍.
പുഴ, ബലിനിലങ്ങളില്‍
വാര്‍ന്നുണങ്ങിയ
കഫച്ചോര പോലെ.
തോണിയും തുഴക്കാരനും
അല്‍ഷിമേഴ്‌സ്‌ ബാധിതന്റെ
കിനാവു പോല്‍
ഫ്രെയിമിനു പുറത്ത്‌.

കടലാസു തോണിയുണ്ടാക്കി
രസിച്ച കുട്ടിക്കാലം.
വഞ്ചിയിറക്കാന്‍ പുഴയില്ലാതെ
ചിണുങ്ങവേ, ജീവിതം
ഒരു വ്യഥനദിയാണെന്ന്‌
അമ്മ പറയും.
തുഴത്തലോടലായ്‌
സാന്ത്വനം പകരും.
പിന്നീട്‌, അമ്മ
സ്വയമൊരു പുഴയാവും.

മറവിയുടെ വേലിയേറ്റത്തില്‍
മുങ്ങിമരിച്ച
തുഴക്കാരന്റെ സ്വപ്‌നമുണ്ട്‌.
ചെതുമ്പല്‍ പടരാത്ത
ഹൃദയമുണ്ട്‌.
ദൈന്യതയുടെ തീയോളങ്ങളില്‍
പരാജിതന്റെ ചാവുപാട്ട്‌.
ഓരോ പുഴയും
കോടിപുതച്ച ഓര്‍മയാകുന്നു.

No comments: